ചൂടുള്ള കാലാവസ്ഥയിൽ തീർച്ചയായും കഴിക്കണം ചുരക്ക. ഔഷധഗുണമേറെയുള്ള ചുരക്ക എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവമല്ല. സാവാളയും കടല പരിപ്പും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്ക കറി വടക്കേ ഇന്ത്യയിൽ പ്രിയമേറിയ വിഭവമാണ്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി വളരുന്ന പച്ചക്കറിയാണു ചുരക്ക. പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണു കൂടുതൽ ലഭ്യമാകുന്നത്.
90 ശതമാനവും ജലം
ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്. ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമാണത്തിനും ഉപയോഗിക്കുന്നു. ചുരക്ക കോൽപുളി ചേർത്തു പാചകം ചെയ്തു കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്.
സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു വളരെ ഗുണംചെയ്യുന്നതാണു ചുരക്ക. ചുരക്കയും ബാർലിയും ചേർത്തരച്ച് ഗോതന്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ് മുതലായ രോഗങ്ങൾക്ക് ഉത്തമമാണ്. ഇതു ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാന്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിനു ഫലപ്രദമാണ്.
നല്ല ഉറക്കം കിട്ടും
ചുരക്കനീര് ഒലീവ് എണ്ണ ചേർത്തു കാച്ചി അരിച്ചെടുത്തു തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. കൈപ്പച്ചുരക്ക ഔഷധഗുണമേറെയുള്ളതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം നിറച്ച് 24 മണിക്കൂറിനുശേഷം കഴിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും.
(പ്രാഥമിക വിവരങ്ങൾക്കായി മാത്രം തയാറാക്കിയത്).